കൊച്ചി: ലോകത്തെ മികച്ച നഴ്സിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മലയാളി നഴ്സ് അജിമോൾ പ്രദീപിന്. 2.5 ലക്ഷം യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) അടങ്ങുന്നതാണ് നഴ്സിങ് ലോകത്തെ 'നോബൽ' എന്നറിയപ്പെടുന്ന ഈ അന്താരാഷ്ട്ര പുരസ്കാരം.കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം ഉണ്ടായത്.214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം നഴ്സുമാരുടെ നാമനിർദേശങ്ങളിൽ നിന്നാണ് കോട്ടയം സ്വദേശിയായ അജിമോൾ പ്രദീപ് ഒന്നാമതെത്തിയത്. നിലവിൽ യുകെയിലെ പ്രശസ്തമായ കിങ്സ് കോളേജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായും സൽഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയർ ലക്ചററായും സേവനമനുഷ്ഠിക്കുകയാണിവർ.യുകെയിലെ ദക്ഷിണേഷ്യൻ വംശജർക്കിടയിൽ അവയവദാന ബോധവൽക്കരണം ശക്തമാക്കുന്നതിലും അവിടുത്തെ അവയവദാന നിയമ പരിഷ്കരണങ്ങളിലും നിർണായകപങ്കുവഹിച്ചു.യുകെയിലെത്തിയ പതിനായിരത്തോളം വിദേശ നഴ്സുമാർക്ക് ഭാഷാപരീക്ഷയുടെ സങ്കീർണതകളില്ലാതെ തൊഴിൽ ലഭ്യമാക്കാൻ സഹായിച്ച 'SIFE' പദ്ധതിയുടെ മുഖ്യശില്പിയാണ്. ആരോഗ്യരംഗത്തെ നിസ്തുല സേവനങ്ങൾ മുൻനിർത്തി ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത ബഹുമതിയായ 'ബ്രിട്ടീഷ് എംപയർ മെഡൽ' (BEM) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അജിമോൾക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹത്തിന് മാതൃകയായുള്ള ഇവരുടെ സമഗ്ര സംഭാവനകളെ വിലയിരുത്തിയാണ് വിദഗ്ധ ജൂറി ഈ വർഷത്തെ ആസ്റ്റർ ഗ്ലോബൽ പുരസ്കാരത്തിനായി അജിമോള തിരഞ്ഞെടുത്തത്മറ്റ് ഒമ്പത് ഫൈനലിസ്റ്റുകൾ: ഡോ. ഐഡ അൽകൈസി (സ്വീഡൻ), ദിനാ സെവില്ല (സൗദി അറേബ്യ), ഡോ. ഹമ്മോഡ അബു-ഒഡാ (ഹോങ്കോങ് എസ്.എ.ആർ, ചൈന), ഹിന്ദുംബി കൌരോം കക്കഡ (ഇന്ത്യ), ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ് (കൊളംബിയ), ജോസഫൈൻ നെലാഗോ അംഗുല (നമീബിയ), ഒലുച്ചി ഏഞ്ചൽ ഒകോയി (നൈജീരിയ), പീറ്റർ ഫോറെ (പാപ്പുവ ന്യൂ ഗിനിയ), റൊണാൾഡ് മരിയോ കനാസ് റോജാസ് (കൊളംബിയ).
0 Comments