സ്വപ്നം പറന്നുയർന്നു; 20-ാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റായി നിതിഷ

തൃശൂർ: ആകാശത്തോളം സ്വപ്നങ്ങളുമായാണ് ഓരോ മനുഷ്യരും ജീവിക്കുന്നത്. പത്താം ക്ലാസിൽ മനസ്സിൽ കുറിച്ചുവെച്ച വിമാനം പറത്തണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് തൃശൂർ ജില്ലയിലെ വേലൂർ സ്വദേശിനിയായ നിതിഷ എം.എൻ. നന്ദനൻ എം.–ജിഷ ദമ്പതികളുടെ മകളാണ് നിതിഷ .

ഉയരത്തിൽ പറക്കണമെന്ന ചെറുപ്പത്തിലെ മോഹത്തിന് പിന്നാലെ നടത്തിയ നിരന്തര പരിശ്രമമാണ് നിതിഷയെ ആകാശത്തോളംഉയരത്തിലെത്തിച്ചത്. വെറും 20-ാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയാണ് നിതിഷ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്പൈലറ്റാകണമെന്ന ആഗ്രഹം നിതിഷയുടെ മനസ്സിൽ ശക്തമായത്. ആഗ്രഹം മാതാപിതാക്കളോട് പങ്കുവെച്ചപ്പോൾ പൂർണ പിന്തുണയുമായി കുടുംബവും ഒപ്പം നിന്നു. കുടുംബത്തിന്റെ പ്രോത്സാഹനവും നിതിഷയുടെ കഠിനാധ്വാനവും ഒത്തു ചേർന്നതോടെബാലികേറാമലയായി കരുതിയിരുന്ന സ്വപ്നം വളരെ വേഗത്തിൽസാക്ഷാത്കരിക്കാനായി.

ഡൽഹിയിൽ നിന്ന് ഗ്രൗണ്ട് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയ നിതിഷ, തുടർന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ പ്രായോഗിക പറക്കൽ പരിശീലനം നടത്തി. കഠിനമായ പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് മൾട്ടി-എഞ്ചിൻ റേറ്റിംഗോടുകൂടിയ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്.

പ്രമുഖ എയർലൈനിൽ ‘പൈലറ്റ് ഇൻ കമാൻഡ്’ ആകുകയും ലോകത്തിലെ വെല്ലുവിളി നിറഞ്ഞ റൂട്ടുകളിലൊന്നായ ഗ്രീൻലാൻഡിലേക്ക് വിമാനം പറത്തുകയും ചെയ്യണമെന്നതാണ് നിതിഷയുടെ അടുത്ത സ്വപ്നങ്ങൾ.

അമേരിക്കയിൽ  നിന്നാണ് നിതിഷ ലൈസൻസ് ന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ പൈലറ്റായി പ്രവർത്തിക്കുന്നതിനായി ലൈസൻസ് കൺവേർഷൻ നടപടികളാണ് ഇനി പൂർത്തിയാക്കേണ്ടത്. എയർക്രാഫ്റ്റുകളെക്കുറിച്ച് കൂടുതൽ പഠിക്കുകയും പൈലറ്റെന്ന നിലയിൽ തന്റെ കരിയറിന് അനുയോജ്യമായ തീരുമാനങ്ങളിലേക്ക് കടക്കുകയുമാണ് അടുത്ത ലക്ഷ്യമെന്ന് നിതിഷ പറഞ്ഞു.

മകളുടെ സ്വപ്നങ്ങൾക്ക് കരുത്തുപകർന്നമാതാപിതാക്കളും നിതിഷയുടെ വിജയത്തിൽ നിർണായക പങ്കാളികളായി.

Post a Comment

0 Comments