കടലിന്റെ വഴികാട്ടിയായ രേഷ്മ നിലോഫർ ;ഇന്ത്യയുടെ ആദ്യ വനിതാ മാരിടൈം പൈലറ്റിന്റെ പ്രചോദനാത്മക യാത്ര

 

ചെന്നെ :കടലിന് ലിംഗവ്യത്യാസമില്ല. പക്ഷേ കടലിന്റെ വഴികാട്ടികളായ മാരിടൈം പൈലറ്റുമാരുടെ ലോകത്ത് ഒരുകാലത്ത് പുരുഷ സാന്നിധ്യത്തിനായിരുന്നു മേൽക്കൈ. ആ പതിവിന് പുതിയൊരു അധ്യായം എഴുതിച്ചേർത്ത വനിതയാണ് രേഷ്മ നിലോഫർ.

ചെന്നൈ സ്വദേശിനിയായ രേഷ്മ, വെല്ലുവിളികൾ നിറഞ്ഞ നാവിക മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവന്ന് ഇന്ത്യയിലെ ആദ്യ വനിതാ മാരിടൈം പൈലറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി.റാഞ്ചിയിലെ പ്രശസ്തമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (BIT) നിന്ന് മറൈൻ ടെക്നോളജിയിൽ ബിരുദം നേടിയ രേഷ്മ, പഠനകാലത്തുതന്നെ നാവിക മേഖലയോടുള്ള തന്റെ താൽപര്യം ശക്തമാക്കി.2011-ൽ കൊൽക്കത്ത പോർട്ട് ട്രസ്റ്റിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. എന്നാൽ മുന്നിലുണ്ടായിരുന്നത് എളുപ്പമുള്ള വഴിയായിരുന്നില്ല.

വലിയ കപ്പലുകളെ തുറമുഖങ്ങളിലേക്കും പുറത്തേക്കും സുരക്ഷിതമായി നയിക്കുന്ന മാരിടൈം പൈലറ്റിന്റെ ജോലി വലിയ ഉത്തരവാദിത്വവും വൈദഗ്ധ്യവും ആവശ്യപ്പെടുന്നതാണ്.

കഠിനമായ പരിശീലനവും നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും കൈമുതലാക്കി രേഷ്മ ആ മേഖലയിലെ പുരുഷാധിപത്യത്തെ മറികടന്നു.അങ്ങനെ അവർ ഇന്ത്യയിലെ ആദ്യ വനിതാ റിവർ പൈലറ്റായി ചരിത്രത്തിൽ ഇടം നേടി.

കടലിന്റെയും നദിയുടെയും ഒഴുക്കും കാറ്റിന്റെ വേഗവും കപ്പലിന്റെ സഞ്ചാരപാതയും ഒരുപോലെ മനസ്സിലാക്കി തീരുമാനങ്ങളെടുക്കേണ്ട ഉത്തരവാദിത്വമുള്ള ജോലിയാണ് റിവർ പൈലറ്റിന്റേത്. ഈ വെല്ലുവിളി ഏറ്റെടുത്ത രേഷ്മയുടെ നേട്ടം ഇന്ത്യൻ വനിതകളുടെ കഴിവിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറി.

രേഷ്മ നിലോഫറിന്റെ അസാധാരണമായ നേട്ടങ്ങളെ രാജ്യം അംഗീകരിക്കുകയും ‘നാരി ശക്തി പുരസ്കാരം’ നൽകി ആദരിക്കുകയും ചെയ്തു.ഒരു വ്യക്തിയുടെ നേട്ടം എന്നതിലുപരി, പുരുഷന്മാർ മാത്രം കൈവശം വച്ചിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന മേഖലകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ അനേകം പെൺകുട്ടികൾക്ക് പ്രചോദനമായ കഥ കൂടിയാണിത്

Post a Comment

0 Comments