ഹവിൽദാറിൽ നിന്ന് ലെഫ്റ്റനന്റിലേക്ക്; ‘സോർഡ് ഓഫ് ഓണർ’ നേടി പി. ശശികുമാർ


ഗയ: സാധാരണ സൈനികനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്ന പി. ശശികുമാറിന്റെ നേട്ടം ഏവർക്കും പ്രചോദനമാകുന്നു. ഗയയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ  പരിശീലനം പൂർത്തിയാക്കിയ ശശികുമാർ മികച്ച കേഡറ്റിനുള്ള ‘സോർഡ് ഓഫ് ഓണർ’ പുരസ്കാരവും ഗോൾഡ് മെഡലും സ്വന്തമാക്കി.

തമിഴ്നാട്ടിലെ മധുര സ്വദേശിയായ പി. ശശികുമാർ ആർമി ഓർഡ്നൻസ് കോർപ്സിൽ സേവനമനുഷ്ഠിച്ച നായിബ് സുബേദാർ സി. പാണ്ടിയുടെ മകനാണ്. സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ശശികുമാർ കഠിനാധ്വാനത്തിലൂടെയും മികവിലൂടെയുമാണ് ഓഫീസർ പദവിയിലേക്ക് ഉയർന്നത്.

പരിശീലനകാലത്ത് അക്കാദമി അണ്ടർ ഓഫീസർ  പദവി വഹിച്ചിരുന്ന അദ്ദേഹം മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയാണ് മികച്ച കേഡറ്റിനുള്ള ‘സോർഡ് ഓഫ് ഓണർ’ പുരസ്കാരത്തിന് അർഹനായത്. ഗോൾഡ് മെഡലും അദ്ദേഹത്തിന്റെ പരിശീലന മികവിന് ലഭിച്ച മറ്റൊരു അംഗീകാരമായി.

സെപ്റ്റംബർ 5ന് ഗയയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കിയ 35 വനിതകൾ ഉൾപ്പെടെ 253 ഓഫീസർ കേഡറ്റുകൾ സൈനിക സേവനത്തിലേക്ക് പ്രവേശിച്ചു.


Post a Comment

0 Comments