സ്വപ്നങ്ങൾക്ക് ആകാശം അതിരല്ല; ഇയ്യാനി കുടുംബത്തിൽ നാല് പൈലറ്റുമാർ



തൃശൂർ :
ഒരു കുടുംബത്തിലെ ഒരാൾ പൈലറ്റാകുന്നത് തന്നെ അഭിമാനകരമായ നേട്ടം. എന്നാൽ ഒരു വീട്ടിൽ നിന്ന് നാല് പേർ പൈലറ്റുമാരാകുക—അത് അപൂർവതയാണ്. നാട്ടികയിലെ ഇയ്യാനി രാജന്റെയും സജിലയുടെയും കുടുംബത്തിലാണ് സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഈ അപൂർവ നേട്ടത്തിന്റെ കഥ പിറക്കുന്നത്.

 മക്കളായ ദേവരാജും ശ്രീരാജും അവരുടെജീവിതപങ്കാളികളുമാണ് ഒരേ കുടുംബത്തെ പൈലറ്റുമാരുടെ കുടുംബമാക്കി മാറ്റിയത്. ഒരാളുടെ സ്വപ്നം മറ്റൊരാൾക്ക്പ്രചോദനമായപ്പോൾ, ആകാശം തേടിയ യാത്ര കുടുംബത്തിന്റെ തന്നെ ചരിത്രമായി മാറുകയായിരുന്നു.

തീരസംരക്ഷണസേനയിൽ നിന്ന് ഇൻഡിഗോയുടെ കോക്പിറ്റിലേക്ക്

ദേവരാജിന്റെ പൈലറ്റ് ജീവിതത്തിന് പിന്നിൽ കഠിനമായ പരിശീലനത്തിന്റെയും സേവനത്തിന്റെയും നീണ്ട അധ്യായമുണ്ട്. തീരസംരക്ഷണസേനയിൽ ഏകദേശം 15 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം വിവിധ വിമാനങ്ങൾ പറത്തിയിട്ടുണ്ട്. സേനയിലെ അനുഭവസമ്പത്തുമായി പിന്നീട് വാണിജ്യ വ്യോമയാന രംഗത്തേക്ക് എത്തിയ ദേവരാജ് നിലവിൽ ഇൻഡിഗോയിൽ പൈലറ്റായി സേവനമനുഷ്ഠിക്കുന്നു.

ദേവരാജിന്റെ ജീവിതപങ്കാളി ശ്രുതിയും ആകാശത്തിന്റെ കൂട്ടുകാരിയാണ്. തീരസംരക്ഷണസേനയിൽ ഡെപ്യൂട്ടി കമാൻഡന്റായി സേവനമനുഷ്ഠിച്ച ശ്രുതി സർവീസിൽ നിന്ന് വിരമിച്ചശേഷം ഇൻഡിഗോയിൽ പൈലറ്റായി തുടരുകയാണ്.ജീവിതത്തിൽ മാത്രമല്ല, ആകാശത്തും ഒരുമിച്ച് മുന്നേറുന്ന ദമ്പതികളായി ദേവരാജും ശ്രുതിയും മാറി.

ശ്രീരാജിന്റെയും സ്വപ്നങ്ങൾക്ക് ചിറകുവന്നു

സഹോദരൻ ശ്രീരാജിന്റെ യാത്രയും വ്യോമയാന മേഖലയിലെ അനുഭവങ്ങളാൽ സമ്പന്നമാണ്. എമിറേറ്റ്സ് ഏവിയേഷൻ അക്കാദമിയിൽ പരിശീലനം നേടിയ ശ്രീരാജ് ദുബായിലെ പ്രമുഖ വിമാനക്കമ്പനികളിൽ ഒൻപത് വർഷത്തോളം ഫ്ലൈറ്റ് ഡിസ്പാച്ചറായി സേവനമനുഷ്ഠിച്ചു.

വിമാനങ്ങളുടെ പ്രവർത്തനവും യാത്രകളും അടുത്തറിഞ്ഞ ആ കാലഘട്ടം പൈലറ്റാകണമെന്ന സ്വപ്നത്തിന് കൂടുതൽ കരുത്തേകി. ഒടുവിൽ ശ്രീരാജും പൈലറ്റായി കോക്പിറ്റിലെത്തി. ഇന്ന് ഇൻഡിഗോയിൽ പൈലറ്റായിസേവനമനുഷ്ഠിക്കുകയാണ് .

ഡോക്ടറിൽ നിന്ന് പൈലറ്റിലേക്ക് സ്നേഹയുടെ മാറ്റം

ശ്രീരാജിന്റെ ഭാര്യ സ്നേഹയുടെ കഥയിലും വഴിത്തിരിവുണ്ട്. മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് പൈലറ്റാകണമെന്ന ആഗ്രഹം സ്നേഹയുടെ മനസ്സിൽ ശക്തമായത്.തന്റെ പ്രൊഫഷണൽ ജീവിതത്തിന് മറ്റൊരു ദിശ നൽകാൻ തീരുമാനിച്ച സ്നേഹ പൈലറ്റ് പരിശീലനത്തിന് ചേർന്നു. ഇപ്പോൾ പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. പരിശീലനം പൂർത്തിയാക്കി കോക്പിറ്റിലെത്തുന്നതോടെ ഇയ്യാനി കുടുംബത്തിലെ നാലാമത്തെ പൈലറ്റെന്ന നേട്ടവും സ്നേഹ സ്വന്തമാക്കും.

മാതാപിതാക്കൾക്ക് അഭിമാനനിമിഷംമക്കളുടെ സ്വപ്നങ്ങൾക്ക് എന്നും പിന്തുണയായി നിന്ന ഇയ്യാനി രാജനും സജിലയ്ക്കും മക്കളുടെ നേട്ടങ്ങൾ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഒരേ കുടുംബത്തിലെ നാല് പേർ വ്യോമയാന രംഗത്ത് എത്തുന്നത് അവരുടെ കുടുംബജീവിതത്തിലെ തന്നെ അപൂർവ അധ്യായമായി മാറുകയാണ്.

.

Post a Comment

0 Comments